Wednesday, April 8, 2015

മാധവഗ്രാമം !!!


*****************************************************************************

മലപ്പുറം ജില്ലയിലെ കുരുക്കിലംപാട് അതാണ്‌ മാധവേട്ടന്റെ നാട്. അരീകോട് എന്ന സ്ഥലത്ത് നിന്ന് ഒതായിയിലേക്ക് പോകുമ്പോൾ ഏകദേശം ആറു കിലോമീറ്റർ കഴിഞ്ഞാൽ ഈ പറയുന്ന ഗ്രാമത്തിലെത്തും. കോടമഞ്ഞിനാൽ വെള്ളപുതപ്പിക്കുന്ന ചെക്കുന്നിന്റെ (ചുവന്ന കുന്നുകൾ) സംരക്ഷണയിലാണ് കുരുക്കിലംപാട് ഗ്രാമം അന്തി മയങ്ങാറുള്ളത്. അംബരചുമ്പികളായ ഈ മലകൾ തന്നെയാണ് ഇവിടത്തെ പ്രത്യേകതയും ! മനസ്സിൽ തീർത്തും ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഗ്രാമം. വഴിയോരങ്ങളിൽ കവുങ്ങുകൾ ആയുധമേന്തിയ ഭടന്മാരെ പോലെ നിൽക്കുന്നു; അവർക്ക് കൂട്ടായി കേരവൃക്ഷങ്ങൾ തലയാട്ടിയും. ചാലിയാർ പുഴയുടെ സൌന്ദര്യം ഒന്ന് കാണേണ്ട കാഴ്ച തന്നെ. ചെക്കുന്നിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോലകൾ ഒടുവിൽ ചാലിയാറിൽ അഭയം പ്രാപിക്കും! ആ സംഗമത്തിലെ സംഗീതം നാട്ടിലെ മൈനകൾ പാടി നടക്കുന്നതും കേൾക്കാം.

കുരുക്കിലംപാടിൽ ബസ്സിറങ്ങിയാൽ ആദ്യം കാണുന്ന കാഴ്ച തന്നെ മനസ്സിൽ സന്തോഷം ഉണർത്തും. സന്തുഷട്ടമായ, ഏകാതാല്പരമുള്ള ആളുകളുടെ ഒരു സംഘം. കളിയും ചിന്തയുമായ് അവരെ ഒരു കുടകീഴിൽ കാണുന്നത് തന്നെ മനസ്സിനൊരാശ്വാസം. വഴികളിൽ കുഞ്ഞുപീടികകൾ സജീവമാണ്. അവിടെ നമ്മുടെ മാധവഗൃഹം അത് ഒരു കൊച്ചു ഹരിത ഭവനമാണ്. കണിക്കൊന്ന, തുളസി, അരളി (കുങ്കുമം) ചെമ്പരത്തി, പുളി മരം അങ്ങനെ അങ്ങനെ പച്ചപ്പ്‌ നിറഞ്ഞ ഒരു പൂങ്കാവനം. പുലർക്കാലെ പുളിയിലകളിൽ വെമ്പി നിൽക്കുന്ന മഞ്ഞു കണങ്ങൾ നെറുകയിൽ താളമിടുന്നതും വീടിനു പുറകിലെ കുളത്തിലെ മുങ്ങി കുളിയും എല്ലാം ബഹുരസം തന്നെ. റബ്ബർ മരത്തിൽ നിന്നും ചിരട്ടയിലേക്ക് പാൽ ഇറ്റിറ്റു വീഴ്ത്തുന്ന കർഷകനും അധ്വാനത്തിന്റെ വില അറിയിച്ചു തരുന്നു. ഒരു ഇളം തണുപ്പൻ കാറ്റുവന്നു നമ്മളെ പുണരുമ്പോൾ അറിയാതലിഞ്ഞുപോകും ആ ശ്യാമസുന്ദര ഗ്രാമ ഭംഗിയിൽ ! ഒരു ശാന്തസംഗീത ഗ്രാമം ! കുരുക്കിലംപാട് ഗ്രാമം, മാധവഗ്രാമം!!!

(മുഖ പുസ്തകത്തിലെ എന്റെ സുഹൃത്ത്, ജ്യേഷ്ഠൻ അങ്ങനെ എന്തെല്ലാമോ ആയ ഒരു നല്ല ഹൃദയത്തിന്റെ ഉടമ മാധവേട്ടൻ ( Fb Name : Madhavan Mad " changed to " Madhavan Damodar) . അദ്ദേഹത്തിൻറെ നാട്ടിലേക്ക് ഒരു നാൾ മുഖ പുസ്തകത്തിലെ തന്നെ ശ്രീ സനത് മലപ്പുറം (Sanath Mpm), സ്വരാജ് അഞ്ഞൂർ (Swaraj Anjoor), ബിനു വർഗ്ഗീസ് ഏഴരയിൽ (Binu Varghese Ezharayil)

എന്നിവരോടൊപ്പം പോയപ്പോൾ എനിക്ക് തോന്നിയ ചില സ്നേഹ ചിന്തകൾ)

രാക്കുയിൽ
*******************************************************************************