Thursday, February 19, 2015

കർക്കിടക ദിനങ്ങളിലെ എരിവ്......!!!


സന്ധ്യാ വന്ദനം ! അതൊരു നല്ല ശീലമായിരുന്നു. വാനിൽ ചെമ്മണ്ണ് തേച്ചു പിടിപ്പിച്ച്‌ സൂര്യൻ ആഴിയിൽ ഒളിച്ചിരിക്കുന്ന നേരം വീട്ടിൽ സന്ധ്യാ ദീപം തെളിയും. അമ്മയുടെ സാരികൊണ്ടു മറച്ച പൂജാമുറിയിൽ നിരത്തി വെച്ച ദേവീദേവന്മാരുടെ ചില്ലിട്ട പടങ്ങൾക്ക് മുമ്പിൽ ഭസ്മം തൊട്ടു പ്രാർത്ഥനക്കിരിക്കുമ്പോൾ ഒരു കുളിർ അനുഭവപ്പെടാറുണ്ട്; എന്റെ കുഞ്ഞു ശരീരത്തിൽ. എന്നാൽ ആ കുളിരൊന്നും ഇപ്പോഴില്ല. നാമ ജപവും. നാരായണം ചൊല്ലി നാമജപം അവസാനിപ്പിക്കുമ്പോഴേക്കും അകത്ത് അച്ഛൻ " നാരായണ ജയ... നാരായണ ജയ " ... തുടങ്ങിയിട്ടുണ്ടാകും ! കുട്ടിക്കാലം മുതലേ അച്ഛന്റെ തെറികൾ വീടിന്റെ ഐശ്വര്യം കെടുത്തിയിരുന്നു. " പൊട്ടി പുറത്ത് ശ്രീ പോതി (പാർവതി) അകത്ത് " എന്ന് അമ്മ കർക്കിടക സംക്രാന്തിക്ക് കണ്ണ് നനയിപ്പിച്ചു വിളിച്ചു കയറ്റിയാലും അച്ഛന്റെ തെറി വിളിയിൽ പൊട്ടി പ്രകാശ വേഗത്തെക്കാൾ വീട്ടിലേക്ക് ഓടി കയറും !!!

ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ ഓലപ്പുരക്കുള്ളിൽ ചെമ്മാനം പൂക്കും. തെറിയുടെ മുഴക്കം കൂടും തോറും ഞാൻ റേഡിയോയുടെ ശബ്ദവും കൂട്ടും. അപ്പൊ അതിനും കേൾക്കും. അത് കൊണ്ടായിരിക്കാം ഇപ്പോൾ തെറി പറയുന്നവരോട് വല്ലാത്ത ഒരു വെറുപ്പ്. എന്നാൽ പറഞ്ഞ തെറികളെല്ലാം ആ മനസ്സിന്റെ സ്നേഹ പ്രകടനമായിരുന്നു എന്ന് അമ്മ പിന്നീടു പറഞ്ഞു തന്ന കഥകളിലൂടെയാണ് മനസ്സിലായത്‌. ഹരിയേട്ടന്റെ റേഷൻ കടയിൽ നിന്നും അധികവിലക്ക് വാങ്ങിയ അരിയിൽ കുറുഞ്ചാത്തന്മാരുടെ പ്രകടനം കാണാം. അമ്മ അവയെ മുറത്തിലിട്ട് ചേറിക്കളയും. അച്ഛന്റെ തെറികൾക്കെതിരെ പിറു പിറുത്തുകൊണ്ട് !

വേവിച്ചൂറ്റിയെടുത്ത ചോറിൽ കറുത്ത മണികൾ കൊഞ്ഞനം കുത്തിയിരിപ്പുണ്ടാകും. അമ്മ പറയാറുണ്ട് " കർക്കിടക മാസമല്ലേ ... ദുർഘടം പിടിച്ച മാസാമാ " ! പക്ഷെ പല മാസങ്ങളും ഞങ്ങൾക്ക് കർക്കിടകം തന്നെയായിരുന്നു. മുളക്  പൊടിയെ സ്നേഹിക്കുന്ന ചില ദിവസങ്ങൾ ഉണ്ട് . കിണ്ണത്തിൽ വിളമ്പിയ ചോറിനു മുകളിൽ മുളക് പൊടി വിതറും പിന്നെ പൊടിയുപ്പ് അങ്ങുമിങ്ങായി നിക്ഷേപ്പിക്കും അതിനു മുകളിൽ വെളിച്ചെണ്ണ ഒഴിച്ച് ചോറ് കുഴക്കുമ്പോൾ ഒരു ഗന്ധം ഉണ്ട്. വിശക്കുന്നവന്റെ നെഞ്ചിലെ ഗന്ധം. അത് ഏറ്റെടുക്കുമ്പോഴേക്കും ചുണ്ടിനരികിലൂടെ കൊതി വെള്ളം ഒലിച്ചിറങ്ങുന്നത് അറിയാം. പിന്നെ കാത്തിരിക്കില്ല വാരി അകത്താക്കും. അപ്പോഴുണ്ടാകുന്ന ഒരു എരിവ് ശ് ...... ഹ്, അത് അമ്മയുടെ കണ്ണുനീരിൽ അലിഞ്ഞു പോകും. എന്താണെന്ന് അറിയില്ല  അച്ഛൻ ആ സമയത്ത് നിശബ്ദത പാലിക്കാറുണ്ട് !

രാക്കുയിൽ

Wednesday, February 18, 2015

ചൊല്ല് ചൊല്ലായി വന്നപ്പോൾ....!!!

ചേച്ചിക്ക് ഇരുപത്തിയേഴു വയസ്സായിരുന്നു. പഞ്ചാരമുക്കിലെ വെളിച്ചെണ്ണ മില്ലിൽ തൊഴിൽ നോക്കുന്ന കാലം. അവൾ തന്നെ സ്വന്തമായി അദ്ധ്വാനിച്ചു ഒരു സൈക്കിൾ (ലേഡീസ്) വാങ്ങിയിട്ടുണ്ട്, അതിലാണ് യാത്ര. പത്താം തരം തോറ്റിറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ജോലിക്ക് പോകാൻ. ടെലഫോണ്‍, തയ്യൽ, പെട്രോൾ പമ്പ് അങ്ങനെ അങ്ങനെ. എളവള്ളിയിലെ അച്ഛന്റെ തറവാട് വീട്ടിൽ നിന്നും കാലത്ത് സൈക്കിൾ ബെൽ മുഴക്കി ജോലിക്കിറങ്ങുമ്പോൾ അമ്മയുടെ നെഞ്ചിൽ അവൾ ഇന്നലെ കോരിയിട്ട കനലുകൾ വീണ്ടും ചുട്ടു പഴുക്കാൻ തുടങ്ങും.

അമ്മാ .... ന്നാ ; ഞാനിന്നലെ ജോലി കഴിഞ്ഞു വരുന്ന വഴിയിൽ ന്റെ കൂട്ടുകാരിയെ കണ്ടു !
ഏതു കൂട്ടുകാരി ?
മ്മടെ കാക്കശേരിയിലുള്ളതാ.., എന്റെ കൂടെ ചിറ്റാട്ടുകര സ്കൂളിൽ പടിച്ചിരിന്ന സ്മിതാ..
എല്ല് പോലെ ഇരുന്നവളാ... ഇപ്പൊ തടിച്ചു വീപ്പക്കുറ്റി പോലെയായി ! മൂത്തമകന് അവളുടെ മുഖമാ ! താഴെയുള്ള പെണ്‍കുട്ടി ചിലപ്പോൾ അവളുടെ ഭർത്താവിന്റെ പോലെ ആയിരിക്കും. പിന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് കുടിക്കാൻ നല്കിയ ചായ കപ്പിലേക്ക് നോട്ടമിട്ട് അങ്ങനെയിരിക്കും ഞങ്ങളുടെ കാളി പെണ്ണ്.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബന്ധുക്കളായി ഒരു ആലോചന കൊണ്ട് വന്നു. തന്റെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തുന്ന നിമിഷത്തെ അവൾ സ്വപ്നം കാണാനും തുടങ്ങി. കാഴ്ചയിൽ സുന്ദരനാണ് . സംസാരത്തിൽ മറുപടികളും ലഭിച്ചിരുന്നു. അന്വേക്ഷിച്ചപ്പോൾ നല്ല വ്യക്തിയും ഒരു ദുശീലവും തൊട്ടു തീണ്ടാത്ത മനുഷ്യനും ആയിരുന്നു. പക്ഷെ എന്തോ ചേട്ടന് ആ വിവാഹത്തിൽ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ പ്രായവും മനസ്സും കണക്കിലെടുത്ത് ബന്ധുക്കൾ ഞങ്ങളെ വിവാഹത്തിനൊരുക്കി.

ക്ഷണപത്രികയുമായി ഞാൻ കല്ല്യാണം വിളിക്കാൻ ഇറങ്ങി. ഇടയ്ക്ക് ഒരു വീട്ടിൽ ചെന്ന് ക്ഷണനം എന്ന പദം ഉപയോഗിച്ചപ്പോൾ അവർ എനിക്ക് തിരുത്തി തന്നു. 'ക്ഷണനം' എന്നാൽ മരണമെന്നും! പിന്നെ മറ്റൊരു വീട്ടിൽ പോയപ്പോൾ ഞാൻ ഒരു അനുജന്റെ സന്തോഷത്തിൽ പറഞ്ഞു ; ഈ വരുന്ന ഇരുപതും ഇരുപത്തിയൊന്നുമാണ് കല്ല്യാണം ! എല്ലാവരും തലേ ദിവസം നേരത്തെ വരണം എന്ന്. അവരും കളിയായി എന്നോട് ചൊല്ലി ആ കാര്യം !
എന്താടാ ... രാഹുലേ.., രണ്ടു ദിവസമുണ്ടോ കല്ല്യാണം ?

പിന്നീട് എന്റെ ചേച്ചിയുടെ പുനർവിവാഹ നാളിലാണ് അന്ന് അവർ എന്നോട് ചൊല്ലിയ കളിവാക്കിനെ ഞാൻ അടർത്തിയെടുത്ത് കളഞ്ഞത് ! അവളുടെ മനസ്സിൽ ആദ്യ വിവാഹം മരിച്ചതും !


രാക്കുയിൽ