Wednesday, February 18, 2015

ചൊല്ല് ചൊല്ലായി വന്നപ്പോൾ....!!!

ചേച്ചിക്ക് ഇരുപത്തിയേഴു വയസ്സായിരുന്നു. പഞ്ചാരമുക്കിലെ വെളിച്ചെണ്ണ മില്ലിൽ തൊഴിൽ നോക്കുന്ന കാലം. അവൾ തന്നെ സ്വന്തമായി അദ്ധ്വാനിച്ചു ഒരു സൈക്കിൾ (ലേഡീസ്) വാങ്ങിയിട്ടുണ്ട്, അതിലാണ് യാത്ര. പത്താം തരം തോറ്റിറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ജോലിക്ക് പോകാൻ. ടെലഫോണ്‍, തയ്യൽ, പെട്രോൾ പമ്പ് അങ്ങനെ അങ്ങനെ. എളവള്ളിയിലെ അച്ഛന്റെ തറവാട് വീട്ടിൽ നിന്നും കാലത്ത് സൈക്കിൾ ബെൽ മുഴക്കി ജോലിക്കിറങ്ങുമ്പോൾ അമ്മയുടെ നെഞ്ചിൽ അവൾ ഇന്നലെ കോരിയിട്ട കനലുകൾ വീണ്ടും ചുട്ടു പഴുക്കാൻ തുടങ്ങും.

അമ്മാ .... ന്നാ ; ഞാനിന്നലെ ജോലി കഴിഞ്ഞു വരുന്ന വഴിയിൽ ന്റെ കൂട്ടുകാരിയെ കണ്ടു !
ഏതു കൂട്ടുകാരി ?
മ്മടെ കാക്കശേരിയിലുള്ളതാ.., എന്റെ കൂടെ ചിറ്റാട്ടുകര സ്കൂളിൽ പടിച്ചിരിന്ന സ്മിതാ..
എല്ല് പോലെ ഇരുന്നവളാ... ഇപ്പൊ തടിച്ചു വീപ്പക്കുറ്റി പോലെയായി ! മൂത്തമകന് അവളുടെ മുഖമാ ! താഴെയുള്ള പെണ്‍കുട്ടി ചിലപ്പോൾ അവളുടെ ഭർത്താവിന്റെ പോലെ ആയിരിക്കും. പിന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് കുടിക്കാൻ നല്കിയ ചായ കപ്പിലേക്ക് നോട്ടമിട്ട് അങ്ങനെയിരിക്കും ഞങ്ങളുടെ കാളി പെണ്ണ്.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബന്ധുക്കളായി ഒരു ആലോചന കൊണ്ട് വന്നു. തന്റെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തുന്ന നിമിഷത്തെ അവൾ സ്വപ്നം കാണാനും തുടങ്ങി. കാഴ്ചയിൽ സുന്ദരനാണ് . സംസാരത്തിൽ മറുപടികളും ലഭിച്ചിരുന്നു. അന്വേക്ഷിച്ചപ്പോൾ നല്ല വ്യക്തിയും ഒരു ദുശീലവും തൊട്ടു തീണ്ടാത്ത മനുഷ്യനും ആയിരുന്നു. പക്ഷെ എന്തോ ചേട്ടന് ആ വിവാഹത്തിൽ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ പ്രായവും മനസ്സും കണക്കിലെടുത്ത് ബന്ധുക്കൾ ഞങ്ങളെ വിവാഹത്തിനൊരുക്കി.

ക്ഷണപത്രികയുമായി ഞാൻ കല്ല്യാണം വിളിക്കാൻ ഇറങ്ങി. ഇടയ്ക്ക് ഒരു വീട്ടിൽ ചെന്ന് ക്ഷണനം എന്ന പദം ഉപയോഗിച്ചപ്പോൾ അവർ എനിക്ക് തിരുത്തി തന്നു. 'ക്ഷണനം' എന്നാൽ മരണമെന്നും! പിന്നെ മറ്റൊരു വീട്ടിൽ പോയപ്പോൾ ഞാൻ ഒരു അനുജന്റെ സന്തോഷത്തിൽ പറഞ്ഞു ; ഈ വരുന്ന ഇരുപതും ഇരുപത്തിയൊന്നുമാണ് കല്ല്യാണം ! എല്ലാവരും തലേ ദിവസം നേരത്തെ വരണം എന്ന്. അവരും കളിയായി എന്നോട് ചൊല്ലി ആ കാര്യം !
എന്താടാ ... രാഹുലേ.., രണ്ടു ദിവസമുണ്ടോ കല്ല്യാണം ?

പിന്നീട് എന്റെ ചേച്ചിയുടെ പുനർവിവാഹ നാളിലാണ് അന്ന് അവർ എന്നോട് ചൊല്ലിയ കളിവാക്കിനെ ഞാൻ അടർത്തിയെടുത്ത് കളഞ്ഞത് ! അവളുടെ മനസ്സിൽ ആദ്യ വിവാഹം മരിച്ചതും !


രാക്കുയിൽ 

2 comments:

  1. എന്തായാലും നന്നായി
    ഇനി അവിടെ കുറയോല്ലോ

    ReplyDelete