Saturday, March 7, 2015

ഞാനും നേരുന്നു....!


---------------------------------------------------------------------------------------------------------

ഓലപ്പുരയിലെ താമസം എനിക്കെന്നും സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു. "ആച്ചാറ " പറമ്പിൽ കൈവിരലുകളിൽ എണ്ണാവുന്ന ഓലപുരകളെ ഉണ്ടായിരുന്നുള്ളൂ . അതിലൊന്നായിരുന്നു എന്റെയും വീട്. അവിടെ കിടന്നുറങ്ങുമ്പോൾ മനസ്സിന് കിട്ടിയിരുന്ന ഒരു സുഖം മറ്റെവിടെ നിന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. തെങ്ങിൻതോപ്പിന്റെ ഒരറ്റത്തുള്ള ഒരു കൊച്ചുവീട്. ചെമ്പരത്തിയും കൃഷ്ണതുളസിയും കാട്ടുചേമ്പും ഇലചെടികളും പിന്നെ പ്രണയം വിതറുന്ന ഒരു റോസാ ചെടിയും തലയെടുപ്പോടുകൂടി നില്ക്കുന്ന ഇമ്മിണി ചെറിയൊരു പൂങ്കാവനം..വീട്ടിൽ.

വർഷത്തിൽ മഴ പെയ്യുമോ എന്ന് സംശയിക്കുന്ന ഒരു നാളിൽ ഞങ്ങളുടെ ഓലപ്പുര പുതുക്കി മേയാറുണ്ട്. അന്ന് വീടിനു പൂർണ്ണ ചന്ദ്രന്റെ തിളക്കമാണ്. അതിനായി മുതലാളിയുടെ പറമ്പിലെ കൂറ്റൻ തെങ്ങുകൾ ഞങ്ങൾക്കായി തല കുനിച്ചുതരാറുണ്ട്. സന്തോഷത്തോടെ. തെങ്ങോലകൾ വെട്ടിയിട്ടു പോയിരുന്ന ആറുമുഖേട്ടനോടും കൂട്ടരോടും അവർ പരിഭവങ്ങളൊന്നും പറഞ്ഞിരുന്നില്ല ! പലയിടത്തായി വീണു കിടന്ന അവരെ ഞാനും അമ്മയും ചേച്ചിയും കൂടെ അവരുടെ കൈകളിൽ പിടിച്ചോണ്ട് പൂഴിമണ്ണിലൂടെ വലിച്ചു ഒന്നിനുമേൽ ഒന്നായി കൂട്ടിയിടും. ഒരു ആനയുടെ പുറം പോലെ. അവരിൽ പലരും വയസ്സന്മാരായിരുന്നു; ചിലരാകട്ടെ വികലാംഗരും!

പിന്നെ അമ്മയുടെ സഹയാത്രികരായ ശാന്ത ചേച്ചിയും രുക്മണി ചേച്ചിയും കാർത്തു ചേച്ചിയുമായി പഴങ്കഥകൾ പറഞ്ഞും തമാശകൾ പറഞ്ഞും ഓലകളെ തലങ്ങും വിലങ്ങും ഒടിച്ചും മടക്കിയും തലോടിയും മെടയാൻ തുടങ്ങും, ചേച്ചിയുടെ തലമുടി മെടയുന്നത്പോലെ. എന്നിട്ട് അതിനെ എടുത്തു സൂര്യനു താഴെ ഉണക്കാനായി ഒരു പായപോലെ വിരിക്കും, ഉണങ്ങിയ ഓലകൾ ഹോമകുന്ഠം പോലെ നിറചുവെച്ച നാലു പൂഴി ചാക്കുകൾക്കുമേൽ അടക്കിവെയ്ക്കും.

ഓലപുരയുടെ കരിയോലകൾ മേൽക്കൂരയിൽ നിന്ന് വേദനയോടെ പടിയിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നതെന്തിനെന്നു ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് .?! " പുതിയ പൂവിനെ കണ്ടാലും അമ്മ പഴയ പൂവിനെ മറക്കില്ലായിരുന്നു " .! കൊച്ചു കുട്ടികൾ മുതൽ വയസ്സായ മുത്തശ്ശിമാർക്കു വരെ ന്റെ അമ്മയെ വലിയ കാര്യമായിരുന്നു. വെറ്റില മുറുക്കി ചുവപ്പിച്ച ആ ചുണ്ടിലെ കളിയും ചിരിയും കാണാനായി കുട്ടികളെ ഒക്കത്തുവെച്ചു പെണ്ണുങ്ങൾ " സരസ്സേച്ചി " എന്നവിളിയും നീട്ടി നൽകി വീട്ടതിർത്തിയിൽ കാത്തുനിൽക്കുമായിരുന്നു. മനസ്സിനോരാശ്വാസം കിട്ടാൻ അമ്മ പോകും കൂടെ ആ സാരിത്തുമ്പിൽ പിടിച്ചു ഞാനും നടക്കും.. വിശേഷങ്ങൾ കേൾക്കാൻ.

ചെങ്കുറി ചാലിച്ച് സന്ധ്യ മയങ്ങി. സന്ധ്യാവന്ദനം കഴിഞ്ഞു ചിമ്മിണിവെട്ടത്തിൽ അക്ഷരങ്ങളെ ചൊല്ലിപഠിച്ചും അടുക്കളയിലേക്കു കണ്ണെറിഞ്ഞും ഇടയ്ക്കു പഠിപ്പിന് ഒരു വിരാമമിടണമെന്ന ഉദ്ദേശത്തോടെ അമ്മയോട് കൊന്ജിയും കുഴഞ്ഞും സ്കൂളിലെ വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോഴേ അമ്മയ്ക്ക് കാര്യം പിടിക്കിട്ടി തന്റെ കണ്ണൻ വിശപ്പിന്റെ വാതായനത്തിൽ മുട്ടുകയാണെന്ന്. അമ്മയുടെ തക്കാളി ചട്ട്ണിയുടെ സുഗന്ധം മൂക്കിലേക്ക് തുരു.. തുരാ.. ബാണം വിട്ടുകൊണ്ടേ ഇരുന്നു. താമസ്സിയാതെ ചോറുംകിണ്ണവുമായി അമ്മ എന്റെ അടുത്തേയ്ക്ക് വന്നു, കാലുനീട്ടിയിരുന്നു. പുസ്തകങ്ങൾ ബാഗിലേക്കു കുത്തികയറ്റി നേരെ അമ്മയുടെ മടിത്തട്ടിൽ സ്ഥാനം പിടിച്ചു. ഉണക്കമാന്തളും തക്കാളി ചട്ട്ണിയും ഹരിയേട്ടന്റെ കടയിലെ രേഷനരിച്ചോറും കൂൂട്ടി അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ കഥകളും കേട്ട് ഭക്ഷണം അകത്താക്കി. അമ്മയുടെ കൈകൊണ്ടു വെച്ച് വിളമ്പിത്തരുന്നത് അന്നും ഇന്നും എന്നും എനിക്ക് അമൃതായിരുന്നു.

നിദ്രയിലേക്ക് എന്റെ കണ്ണുകൾ നീങ്ങിയപ്പോൾ അമ്മ തന്നെ ചേർത്തു കിടത്തി. തലയിണകളെക്കാൾ എനിക്കിഷ്ട്ടം മടക്കിവെച്ച അമ്മയുടെ കൈത്തണ്ടയെ ആയിരുന്നു. ആ മൃദുലത ! ഇടം കൈകൊണ്ടു എനിക്കു ഇളംകാറ്റിനെ നേടിതരുമ്പോൾ പുറത്തു ചീവീടുകളുടെ പരാതിപറച്ചിൽ കേൾക്കാം, ദേവീ കുളത്തിൽ നിന്ന് തവളകളുടെ കരച്ചിലും.
ഇന്നത്തെ ദിവസം ! " താഴെ ഭൂമി.. മേലെ ആകാശം " എന്നതിനെ അന്വർത്ഥമാക്കുന്നു. അഴിച്ചിട്ട കരിയോലകൾ വീടിന്റെ തെക്കുപുറത്തെ തെങ്ങിൻചുവട്ടിൽ സ്ഥാനംപിടിചിരിക്കുന്നു. അവരുടെ അയവറക്കൽ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു. തിളയ്ക്കുന്ന എണ്ണയിൽ വറുത്തെടുത്ത ആനവയറൻ പപ്പടം ; ന്റെ അമ്ബിളിമാമ്മനും കൂടെയുള്ള താരകമിത്രങ്ങളും വലിയ കണ്ണികളുള്ള വലവിരിച്ച കഴുക്കോലുകൾക്കിടയിലൂടെ കണ്ണിറുക്കി വീട്ടിൽ നിലാവ് ചൊരിഞ്ഞു.!

അമ്മയുടെ വിശറിക്കാറ്റിനിത്തിരി വിശ്രമം നൽകാനായി വടക്കേ പാടത്തൂന്നു അവൾ വരമ്പുകൾ കേറിയിറങ്ങി, ഓലകൾ വെട്ടിയിട്ട തെങ്ങിൻ തലപ്പുകളോട് കാരണം തേടി മുക്കോൻ ചേട്ടന്റെ വളൂർ-മാവ്വിന്നിലകളെ തൊട്ടും തലോടിയും മാമ്പഴങ്ങളെ വാരിപുണർന്നും ഉത്തരങ്ങളിൽ ആലസ്സ്യത്തോടെ കിടന്നിരുന്ന ഉണങ്ങിക്കടിച്ച കൊതുമ്പിൻ നാരുകളോട് കുശലം പറഞ്ഞും മെല്ലെ ..മെല്ലെ.. അവൾ കാറ്റായ് എന്റെ പെരുവിരലിനെ സ്പർശിച്ചപ്പോൾ, എന്തൊരു തണുപ്പാ ..! അവളെ പുതയ്ക്കുമെന്നോണം എന്റ്റെ ഇരുകൈകളേയും ഞാനെന്റെ കാൽതുടകൾക്കിടയിലേയ്ക്ക് വലിച്ചിട്ടു മുറുക്കി. നേരിയ ശബ്ദത്തിൽ അമ്മ പറയുന്നത് കേൾക്കാം " നാളെ നേരത്തെ എഴുന്നേൽക്കണം, വേലായുധേട്ടനും ഗുരുക്കളും എത്തും ഓല മേയാൻ. മഴ പെയ്യാതെ നോക്കണേ.. തട്ടകത്തമ്മേ ! കാറ്റ്, അവളെന്നെ ആ നിലാവെളിച്ചത്തിൽ തൊട്ടുരുമ്മി ..തൊട്ടുരുമ്മി നിന്ന് മെല്ലെ എന്റെ കാതിൽ മന്ത്രിച്ചു ; ഇനി ഉറങ്ങിക്കോട്ടാ... നീയ്യ് ! " ശുഭരാത്രി "      

രാക്കുയിൽ
-----------------------------------------------------------------------------------------------------------------

No comments:

Post a Comment